
കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ഒരു സ്റ്റാർട്ടപ്പിന്റെ പേരിൽ അനധികൃത ഡ്രൈവിംഗ് സ്കൂൾ പ്രവർത്തിക്കുന്നു എന്ന ആരോപണം ശക്തമാകുന്നു. മൂന്നുവർഷത്തെ പ്രവർത്തനാനുമതി അവസാനിച്ച ഈ സ്റ്റാർട്ടപ്പ്, ഡ്രൈവിംഗ് സ്കൂളിനായി അഞ്ചേക്കർ ഭൂമി ആവശ്യപ്പെട്ടത് സിൻഡിക്കേറ്റിന്റെ പരിഗണനയിലാണ്.
"യു.സി. മോങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന പേരിൽ എംടെക് ബിരുദധാരികളായ രണ്ട് ക്യാമ്പസ് വിദ്യാർത്ഥികൾക്കാണ് മൂന്നുവർഷം മുൻപ് ഒരു ഡ്രൈവിംഗ് ലൈസൻസ് ആപ്പിന് സർവകലാശാല അനുമതി നൽകിയത്. സർവകലാശാല ഇവരുടെ സ്റ്റാർട്ടപ്പ് രൂപീകരണത്തിന് സാങ്കേതിക സഹായങ്ങളും നൽകിയിരുന്നു. 'സാരഥി' എന്ന പേരിൽ ഡ്രൈവിംഗ് പഠിതാക്കൾക്ക് സഹായകമാകുന്ന ഒരു സോഫ്റ്റ്വെയർ വികസിപ്പിക്കാനായിരുന്നു പ്രധാനമായും അനുമതി.
എന്നാൽ, സർവകലാശാലയുടെ അറിവോ സമ്മതമോ ഇല്ലാതെ, ഈ സ്റ്റാർട്ടപ്പ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ ഒരു മോഡൽ ഡ്രൈവിംഗ് ട്രെയിനിങ് സെന്റർ ആരംഭിക്കുകയായിരുന്നു. ട്രാൻസ്പോർട്ട് മന്ത്രി ഗണേഷ് കുമാറാണ് ഈ ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
സ്റ്റാർട്ടപ്പിന്റെ മൂന്നുവർഷ കാലാവധി അവസാനിച്ചപ്പോൾ, ഇവർ ഡ്രൈവിംഗ് പരിശീലനത്തിനായി അഞ്ചേക്കർ ഭൂമി ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് അപേക്ഷ നൽകിയിരിക്കുകയാണ്. ഡ്രൈവിംഗ് സ്കൂളിന്റെ പേരിൽ ക്യാമ്പസിനുള്ളിലെ റോഡുകളിലൂടെ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതായി വിദ്യാർത്ഥികളും ജീവനക്കാരും പരാതിപ്പെടുന്നുണ്ട്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കായിക വകുപ്പ് മന്ത്രിയായിരുന്ന ഗണേഷ് കുമാർ മുൻകൈയെടുത്താണ് 37 ഏക്കർ ഭൂമി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പാട്ടത്തിന് വിട്ടുനൽകിയത്. ഈ പാട്ടത്തുക ഇനത്തിൽ സർവകലാശാലയ്ക്ക് 86 കോടി രൂപ കുടിശ്ശികയുണ്ടെന്നിരിക്കെയാണ് സമാനമായ ആരോപണങ്ങൾ ഉയരുന്നത്. ഇപ്പോൾ ട്രാൻസ്പോർട്ട് മന്ത്രിയായ ഗണേഷ് കുമാർ, ഡ്രൈവിംഗ് സ്കൂളിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് മുന്നോടിയായി അനധികൃതമായി ആരംഭിച്ച ഈ ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിക്കുകയും സ്റ്റാർട്ടപ്പിന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് ആരോപണമുണ്ട്.
യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കാൻ അനുമതി നൽകിയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും, ഡ്രൈവിംഗ് സ്കൂൾ കാര്യവട്ടം ക്യാമ്പസിൽ നിന്ന് ഉടൻ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി (SUCC) കേരള വിസിക്ക് നിവേദനം നൽകി.











